കൽപ്പറ്റ (വയനാട്): ഒടുവിൽ അത് സംഭവിക്കുന്നു വയനാട്ടിലും വിമാനത്താവളം വരുന്നു. മുതൽ മുടക്കാനും സൗകര്യങ്ങളൊരുക്കാനും സഹായഹസ്തവുമായിവയനാട് ചേംബർ ഓഫ് കൊമേഴ്സ് രംഗത്ത് വന്നതോടെയാണ് ഇടയ്ക്ക് ഒന്നു തണുത്തു കിടന്ന വയനാട് വിമാനത്താവള പദ്ധതി വീണ്ടും സജീവമായത്. രാഹുൽ ഗാന്ധി വയനാട് എം പി യായതോടെയാണ് മുൻപ് തമസ്കരിക്കപ്പെട്ടു പോയ വയനാട് വിമാനത്താവള പദ്ധതി സജീവ ചർച്ചാ വിഷയമായി വീണ്ടും ഉയർന്നു വന്നത്.വയനാടിൻ്റെ കാർഷിക, വ്യാപാര, വ്യവസായിക, ടൂറിസം സാധ്യതകൾ സംബന്ധിച്ചും വയനാടിൻ്റെ പൈതൃക സംസ്കാരത്തെ കുറിച്ചും രാഹുൽ ഗാന്ധി തന്നെ പ്രമോഷൻ വീഡിയോകൾ തയാറാക്കി ലോകമാകെ പ്രചരിപ്പിക്കുകയും അവ വൈറലാകുകയും ചെയ്തിരുന്നു. വയനാടിന് തനത് ഉൽപന്നങ്ങൾ പ്ലേസ് ഓഫ് ഒറിജിനൽ സർട്ടിഫിക്കേഷൻ കരസ്ഥമാക്കി വയനാടൻ ബ്രാൻഡായി വ്യാപാര വ്യവസായ മുന്നേറ്റം നടത്തണമെന്ന് രാഹുൽ ഗാന്ധി വാദിച്ചിരുന്നു. തനിമ നിലനിർത്തുന്ന വയനാടൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയ്ക്കകത്തും പുറത്തും മാർക്കറ്റിങ്ങിനായി ഒരു വിമാനത്താവളം ആവശ്യമാണെന്ന ബോധ്യം വീണ്ടും സജീവമായി. വയനാടാണ് കേരളത്തിലെ ടൂറിസം വികസനത്തിന് ഏറ്റവും അനുയോജ്യമായ ജില്ലയെന്നും രാഹുൽ ഗാന്ധി പറഞ്ഞു വച്ചതോടെ വയനാട്ടിലേക്ക് നേരിട്ട് ടൂറിസ്റ്റുകളെത്തുന്നതിന് ഒരു വിമാനത്താവളം എന്തുകൊണ്ടും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന പ്രദേശമെന്ന നിലയിൽ വയനാടിന് സഹായമെത്തിക്കാനും വേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിനും ഒരു വിമാനത്താവളം ഏറ്റവും അത്യാവശ്യവുമാണ്. ഇതിന് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുക എന്നത് ജീവൻ പന്താടുന്നതു പോലെയാണെന്ന് വയനാട് ജനത വിലയിരുത്തുന്നു. കണ്ണൂർ വിമാനത്താവളത്തിൻ്റെ പരാജയത്തിന് കാരണം വയനാട് ബന്ധത്തിലെ പ്രതിസന്ധിയാണെന്നും ചുരം രഹിത പാതകൾ പോലും കേരളത്തിലെ സർക്കാർ പരിഗണിക്കില്ല എന്നും ബോധ്യമുള്ളതിനാൽ എല്ലാറ്റിലും എളുപ്പവും ചെലവ് കുറവും വയനാട്ടിൽ ഒരു വിമാനത്താവളം നിർമ്മിക്കുന്നതാണെന്ന് വ്യക്തമായി. രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി വന്നതോടെ വയനാടിൻ്റെ സമഗ്ര സാമ്പത്തിക മുന്നേറ്റത്തിന് പഠനവും ഗവേഷണവും ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യങ്ങൾ ഒത്തിണങ്ങിയതോടെയാണ് ചേംബർ ഓഫ് കൊമേഴ്സ് വിമാനത്താവള നീക്കത്തിന് വേഗത കൂട്ടാൻ തീരുമാനിച്ചത്. വയനാടൻ ഉൽപ്പന്നങ്ങൾക്ക് പ്ലേസ് ഓഫ് ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അവകാശം കേന്ദ്ര ഗവൺമെന്റിൽ നിന്ന് നേടിയെടുക്കുക,
വയനാട് എയർപോർട്ട് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനം ഊർജിതമാക്കുക,
വയനാട്ടിലേക്ക് വിവിധ പാതകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വ രിതപ്പെടുത്തുക.
,നിലവിൽ പരിഗണനയിലുള്ള റെയിൽവേ എത്രയും വേഗത്തിൽ നടപ്പിലാക്കാൻ പരിശ്രമിക്കുക,
ലക്കിടിയിൽ നിന്ന് അടിവാരത്തേക്കുള്ള റോപ്പ് വേ സാധ്യമാക്കുക എന്നീ കാര്യങൾ വേഗത്തിലാക്കാനും ചേംബർ ഓഫ് കൊമേഴ്സ് തീരുമാനിച്ചു.
വയനാട്ടിൽ ഒരു ചെറിയ വ വിമാനത്താവളത്തിൻ്റെ സാദ്ധ്യത പരിശോധിക്കാൻ സർക്കാർ മുൻപ് നിയോഗിച്ച വിദഗ്ദ്ധ സംഘം ജില്ലയിലെത്തി പരിശോധനയൊക്കെ നടത്തിയിരുന്നു. വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥല പരിശോധനയ്ക്കായി അന്ന് സംഘമെത്തിയത്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ്, വാര്യാട് എസ്റ്റേറ്റ്, കാരാപ്പുഴ പദ്ധതി പ്രദേശം എന്നിവ സംഘം സന്ദർശിക്കുകയും ചെയ്തിരുന്നു.
കിഫ്ബി സീനിയർ പ്രോജക്ട് അഡ്വൈസർ മേജർ ജനറൽ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള സംഘമാണ് വയനാട്ടിൽ അന്ന് എത്തി പരിശോധിച്ചിരുന്നു..
കൽപ്പറ്റ ബൈപ്പാസിന് സമീപത്തെ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയാണ് ആദ്യം പരിഗണിച്ചത്. എയർ സ്ട്രിപ്പിന് ആവശ്യമായ ഭൂമി സർക്കാരിന് വിട്ടു നൽകാൻ തയ്യാറാണെന്ന് എസ്റ്റേറ്റ് അധികൃതർ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. പ്രദേശത്തെ ആകെ വിസ്തീർണ്ണം, കെട്ടിടങ്ങളുടെ എണ്ണം, ജലസ്രോതസ് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു റിപ്പോർട്ടും തയ്യറാക്കിയിട്ടുള്ളതാണ്.
വാര്യാട്, കാരാപ്പുഴ പദ്ധതി പ്രദേശം എന്നിവിടങ്ങളും പരിഗണിക്കുന്നുണ്ട്.
2019ൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ
നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ട് വിമാനത്താവളത്തിൻ്റെ ആവശ്യം ഉന്നയിച്ചിരുന്നു. അനുയോജ്യമായ ഭൂമി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനമാണ് അന്ന് സമർപ്പിച്ചിരുന്നത്. കണ്ണൂർ എയർപോർട്ടിലെ വിദഗ്ദ്ധ സംഘം സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും പദ്ധതി മുക്കിക്കളഞ്ഞു. അതിനുശേവും ചേംബർ ഓഫ് കൊമേഴ്സ‌് വീണ്ടും സർക്കാറിനെ സമീപിച്ചു. അതിനെ തുടർന്നാണ് ഒരു പഠനസംഘത്തെ സർക്കാർ നിയോഗിച്ചത്. നേരത്തെ പലതവണ വയനാട്ടിൽ
ചെറുവിമാനത്താവളത്തിൻ്റെ സാദ്ധ്യതകൾ പരിശോധിച്ചിരുന്നു. അതിനിടെ പനമരത്തിനടുത്ത് ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നെൽവയൽ ഉൾപ്പെടെ മണ്ണിട്ട് മൂടുന്നതിന് എതിരെ പ്രദേശവാസികളെ ഇറക്കി പ്രതിഷേധ പരിപാടിയൊക്കെ ചിലർ സംഘടിപ്പിച്ചു.. പ്രതിഷേധം കടുത്തതോടെ പദ്ധതി ഉപേക്ഷിച്ചു.
വയനാട്ടിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വിമാനത്താവളം അത്യാവശ്യമാണ്. വിമാനത്താവളം യാഥാർത്ഥ്യമായാൽ വിദേശ വിനോദ സഞ്ചാരികളുടെ വരവിൽ വലിയ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഈ ഘട്ടത്തിലാണ് ചേംബർ ഓഫ് കൊമേഴ്സ് വീണ്ടുമിപ്പോൾ നീക്കങ്ങൾ വേഗത്തിലാക്കുന്നത്. ഇതിനായി
വയനാട് ചേംബർ ഓഫ് കൊമേഴ്സിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി
ജോണി പാറ്റാനിയും
(മാനേജിംഗ് ഡയറക്ടർ), സെക്രട്ടറിയായി ഫാ. വർഗീസ് മറ്റമനയും (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ),
ട്രഷററാറായി ഒ.എ. വീരേന്ദ്രകുമാറും (ചീഫ് ഫിനാൻഷ്യൽ ഓഫീസർ) എന്നിവരെ
തിരഞ്ഞെടുത്തു..
വയനാട് ചേംബർ ഓഫ് കൊമേഴ്സ് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
വയനാടിന്റെ വികസനത്തിന് സഹായകമാകുന്ന സർക്കാർ, സർക്കാരേതര സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും തീരുമാനമായി . യോഗത്തിൽ പ്രസിഡണ്ട് ജോണി അധ്യക്ഷനായിരുന്നു.
Wayanad airport soon? Chamber of Commerce has started efforts to speed up the process






















